July 07, 2010

എനിക്ക് ഷുഗർ ആണത്രെ!!

ഇന്നലെയാണ് അത് അറിഞ്ഞത്,
ഇന്നലെ വരെ എല്ലാം സാധാരണമായിരുന്നു.

കാപ്പികപ്പിലേയ്ക്ക് മിൽക്ക്ക്രീം കലർത്തി,
മധുരത്തിന്റെ കുപ്പിയിൽ കരണ്ടി ഇറക്കി,
ഡോക്ടർ പറഞ്ഞത് ഓർത്തു.
ഇനീ രീതികൾ മാറ്റിക്കൊള്ളു!
പിൻവാങ്ങിയ കരണ്ടിയിൽ മധുരത്തിന്റെ
അംശം പോലുമില്ലായിരുന്നു!!!
പേടിയായിരുന്നു
മരിക്കാൻ.

ജീവിതത്തിൽ “അവളു”കൾ കൂടിവരുന്നത്
സ്വപ്നം കണ്ടു. അവൾക്കുപകരം
അവൾക്ക് “ഞാനു“കൾ കൂടിവന്നാലെ
സ്വാതന്ത്ര്യമാകു എന്ന്!!!!
ശ്ശോ ഈ ശീലങ്ങൾ ഒക്കെ മാറുമ്പോൾ,
ഈ “കപട“ സദാചാരം,
കാപ്പിയിലെ മധുരകണം പോലെ
ഒഴിവാക്കണം!!!.
കഷ്ടം.
എനിക്ക് ഷുഗർ ആണത്രെ!!

April 15, 2010

അടർന്ന് വീഴുന്നവ

ഇടവഴിയിൽ പതിയിരിക്കുന്ന,
ഇമ്പമോടാർത്തട്ടഹസിക്കുന്ന,
വെറുതെ ഒരു രസിത്തിനെന്ന്
പറയുന്നകണ്ണുകൾ ?

ആരോ അടർത്തി എടുത്തുകളഞ്ഞ കാഴ്ച്ച,
എന്നായിരുന്നു എന്നെനിക്കോർക്കാൻ കഴിയുന്നില്ല.
എന്നായിരുന്നു എന്നോർക്കാൻ കഴിയുന്നില്ലെങ്കിലും,
അതിന്റെ നീറുന്ന ഓർമ്മകളുണ്ടെന്റെ നെഞ്ചിൽ

ആ കാഴ്ച്ചകാണാൻ അവൻ കഴുകന്റെ
മൂർച്ചയുള്ള ചുണ്ടുമായ്,
മറഞ്ഞിരിക്കുന്നു ശൌച്യാലയത്തിൽ പോലും
കൊത്തിവലിച്ച് രസിക്കുന്ന കാഴ്ച്ചകൾ.!

ഇത്തിരിക്കച്ച വഴുതി വീഴുകിലാവിടവിലേയ്ക്ക്
ചൂഴ്ന്നിറങ്ങുന്ന ക്യാമറക്കണ്ണുകൾ.,
കൌമാരചിന്തകൾ പെണ്ണിന്റെ
ചന്തത്തിലോ, നഗ്നമാം മേനിക്കൊഴുപ്പിലോ അഭിരമിപ്പു.


പാതിവഴിയിലുപേക്ഷിച്ച്, ഫോണിൽ, ക്യാമറയിൽ
സ്നേഹം പതിപ്പിച്ച് പടിയിറങ്ങുന്ന കൌമാരം,
പ്രണയമാണിതെന്ന് ധരിക്കുന്നു നമ്മുടെ കുഞ്ഞുങ്ങൾ
പെരുവഴിലെ ഓടയിലൊടുങ്ങുന്നൊടുക്കം ഒരു ഞരക്കമായ് ജീവിതം.

പിന്നെയും വാങ്ങി നൽകിഞാൻ ഒരു മൊബയിൽഫോൺ,
എന്റെ പുന്നാരമോൾക്കുല്ലസിക്കാൻ.
ചുറ്റിനും കണ്ണുകൾ ചിതറിക്കിടക്കുന്നു,
അതിനിടയിൽ ചെറുതുംവലുതുമായ് ചിന്തകൾ ?

February 27, 2010

മഷിപുരണ്ട ചിറകുകൾ

കവിയുടെമരണം അവനെ കാർന്നുതിന്നുന്ന ഓർമ്മയാണ്,
നെഞ്ചിലെ നെരിപ്പോടിൽ കനലിട്ട് എരിക്കുന്ന ഓർമ്മകൾ.
കാട്ടിൽ വഴിതെറ്റി പറന്ന കുരുവി ചൊല്ലി
കാറ്റെ എനിക്കൊരു വഴികാട്ടിയാകു.

കാകന്റെ വഴിക്കുപറന്നകാറ്റിന്
കുരുവിയുടെ രോദനംകേൾക്കാനായില്ല
പ്രാപ്പിടിയന്മാർ റാകിപ്പറക്കുന്ന മാനത്ത്
വഴിയറിയാതെ നട്ടം തിരിഞ്ഞു കുരുവി

വഴിതെറ്റിപ്പറന്ന്ചെന്നിരുന്നൊരു പാറയിൽ,
ദിവാകരാലിംഗനത്തിൽ മതിമറന്ന്,
പൊള്ളുന്ന തീവൃവികാരത്താൽ,
കറുത്തുപോയിരുന്നു ആ പാറ.

കൊക്കുകൾ നീണ്ട്‌വളഞ്ഞ അവൻ
എന്നോട് ചോദിച്ചു,
നിനക്കെന്തിന് തൂവലുകൾ ?
ഞങ്ങൾ നിന്നെ സംരക്ഷിക്കും നിന്റെ തൂവലുകൾ
ഉപേക്ഷിക്കു!!!

മറ്റൊരു പാറപ്പുറത്ത് തൂവലുകൾ കൊഴിച്ച
കുറേ കുരുവികൾ അവർ സന്തോഷവാന്മാരായിരുന്നു
അവരെ കഴുകന്മാർ ചുമലിലേറ്റി ലോകം കാണിച്ചു!!
അവരും പറഞ്ഞു തൂവൽ നിനക്ക് നാണക്കേടാണന്ന്. ?!

ഞാൻ സമ്മതിച്ചു അവർ എന്റെ തൂവലുകൾ
കൊത്തി വലിച്ചറിഞ്ഞ് എന്നെയും നഗ്നനാക്കി.
ഇപ്പോൾ ഞാനും അവരെ പോലെ തൂവൽ ഇല്ലാത്തവനാണ്
ഞാൻ ചുറ്റിനും നോക്കി.

പ്രാപ്പിടിയന്മാരും, കഴുകനും, കാകനും
അവർക്ക് മാത്രമേ തൂവലുകൾ ഉള്ളു
ദാഹം എന്റെ തൊണ്ടയെ വലച്ചു,
ഞാൻ പറക്കാൻ നോക്കി.

പറക്കാനാവാതെ ഞാൻ, ഞങ്ങൾ തളർന്ന്
പാറമേൽ നിന്നു,
അവർ ഞങ്ങളുടെ എല്ലാം കവരുന്നത്
നിസ്സഹായനായി ഞാൻ, ഞങ്ങൾ നോക്കി നിന്നു

അവരാണ് എല്ലാം തീരുമാനിച്ചത്
തീരുമാനിക്കാൻ ഞാൻ പ്രാപ്തനാണെങ്കിലും
അവർ എന്റെ തീരുമാനത്തെ മാനിച്ചിരുന്നില്ല
ഇന്നുവരെ,
ചിറകിലെ വയലറ്റ് മഷിപുരണ്ട
അധികാരത്തിലേയ്ക്ക് ഞാൻ തുറിച്ചു നോക്കി..

കാലം എന്നെ നോക്കി
ചിരിച്ചു….. കൂടെ ഞാനും ചിരിച്ചു,
എന്റെ ചിരിക്ക് കണ്ണീരിന്റെ നനവ്-
ഉണ്ടായിരുന്നു ഒരു സാധാരണപൌരന്റെ .

February 21, 2010

ഒരുപകൽ

ഒരു പകലിൻ ചടുലഭാവങ്ങൾ സ്വരുക്കൂട്ടിയ
നിൻ വർത്തമാനത്തിൽ,
പിറക്കാൻ കഴിയാതെ,
മരിക്കാൻ കഴിയാതെ
ശ്വാസം മുട്ടി പിടയുന്ന ചിന്തകൾ.!

പറിച്ചെറിയുക,
നിന്നെ വരിഞ്ഞുമുറുക്കുന്ന
കഴുത്തിൽ നഖമിറക്കുന്ന
ചുവന്ന കണ്ണുകളുള്ള
ആരോ ഉപേക്ഷിച്ച അവളുടെ
ബീജത്തെ

കാലം കീറിമുറിച്ച്
അരുൾപാടുരുവിട്ട മഹാമനീഷികളുടെ
കാല്പാദങ്ങൾ മുറിച്ച് മാറ്റി,
അവിടെ
നിന്റെ ആദർശ തത്വശാസ്ത്രത്തിൻ
കഴുകൻ കാലുകൾ
നട്ടുവളർത്തിയ മനുഷ്യരെ,
പറയു എന്റെ
ശവദാഹത്തിനിടമെവിടെ ?

January 10, 2010

പച്ചപ്പ് അഥവ നഷ്ടപ്പെട്ടത്

പണ്ട് അവിടെ പച്ചപ്പ് ഉണ്ടായിരുന്നു.!
നാല് മരങ്ങൾ ആയിരുന്നു അതിന്റെ തലപ്പത്ത്
ചന്ദനം, മുരിക്ക്, മരുത്, കാഞ്ഞിരം.
ഞാനിതിൽ ഏതെന്ന് എന്നോട് തന്നെ ചോദിക്കുന്നു

എന്നെ തമ്പുരട്ടി വാരിപ്പുണർന്നപ്പോൾ
എനിക്ക് വയസ്സ് തികഞ്ഞിരുന്നില്ല,
എന്റെ പൂമേനി അമ്മത്തമ്പുരാട്ടി
കൊഞ്ചിച്ചപ്പോൾ എനിക്ക്
പാൽപ്പല്ല് മുളച്ചിരുന്നില്ല….
ഒരു ചന്ദനമരമായിരുന്നു ഞാൻ!

അപ്പുറത്തെ ചേച്ചിയുടെ പാൽക്കുടം
എറിഞ്ഞുടയ്ക്കുമ്പോൾ പ്രായം പന്ത്രണ്ട്,
ചേച്ചിയുടെ പരിഭവം എന്റെ തളിർമേനിയിൽ
ചൂരല്പാടുകൾ തീർത്തു,
പിന്നെ കാട്ടലും കാഴ്ച്ചയുമായി വളർന്നു.

ഒരു കുതിരയെപോലെ ആണ് നീ
എന്ന് അവൾ പറഞ്ഞപ്പോൾ അഭിമാനിച്ചു.
ഷണ്ഡത്തം ബാധിക്കാത്ത ചിന്ത
ശീല കീറുന്ന നിലയ്ക്കെത്തി,
അമ്പലക്കാളയാണ് നീ എന്ന് തമ്പുരാട്ടി പറഞ്ഞപ്പോൾ
നാണിച്ച് തലതാഴ്ത്തി,
പിന്നെ എല്ലാരും അങ്ങനെ പറഞ്ഞു

വിരിഞ്ഞമാറും, ഇടുങ്ങിയ അരക്കെട്ടുമുള്ള
എന്നെ തമ്പുരാൻ തല്ലി,
എനിക്ക് സദാചാരമില്ലെന്ന്
ഒന്ന് നീട്ടിത്തുപ്പി കട്ടിലിൽ നിന്നും എണീക്കുമ്പോൾ
കൺപീലിയും നരച്ചിരുന്നു
എനിക്ക് കയ്‌ച്ചുതുടങ്ങി
കാഞ്ഞിരം പോലെ