February 27, 2010

മഷിപുരണ്ട ചിറകുകൾ

കവിയുടെമരണം അവനെ കാർന്നുതിന്നുന്ന ഓർമ്മയാണ്,
നെഞ്ചിലെ നെരിപ്പോടിൽ കനലിട്ട് എരിക്കുന്ന ഓർമ്മകൾ.
കാട്ടിൽ വഴിതെറ്റി പറന്ന കുരുവി ചൊല്ലി
കാറ്റെ എനിക്കൊരു വഴികാട്ടിയാകു.

കാകന്റെ വഴിക്കുപറന്നകാറ്റിന്
കുരുവിയുടെ രോദനംകേൾക്കാനായില്ല
പ്രാപ്പിടിയന്മാർ റാകിപ്പറക്കുന്ന മാനത്ത്
വഴിയറിയാതെ നട്ടം തിരിഞ്ഞു കുരുവി

വഴിതെറ്റിപ്പറന്ന്ചെന്നിരുന്നൊരു പാറയിൽ,
ദിവാകരാലിംഗനത്തിൽ മതിമറന്ന്,
പൊള്ളുന്ന തീവൃവികാരത്താൽ,
കറുത്തുപോയിരുന്നു ആ പാറ.

കൊക്കുകൾ നീണ്ട്‌വളഞ്ഞ അവൻ
എന്നോട് ചോദിച്ചു,
നിനക്കെന്തിന് തൂവലുകൾ ?
ഞങ്ങൾ നിന്നെ സംരക്ഷിക്കും നിന്റെ തൂവലുകൾ
ഉപേക്ഷിക്കു!!!

മറ്റൊരു പാറപ്പുറത്ത് തൂവലുകൾ കൊഴിച്ച
കുറേ കുരുവികൾ അവർ സന്തോഷവാന്മാരായിരുന്നു
അവരെ കഴുകന്മാർ ചുമലിലേറ്റി ലോകം കാണിച്ചു!!
അവരും പറഞ്ഞു തൂവൽ നിനക്ക് നാണക്കേടാണന്ന്. ?!

ഞാൻ സമ്മതിച്ചു അവർ എന്റെ തൂവലുകൾ
കൊത്തി വലിച്ചറിഞ്ഞ് എന്നെയും നഗ്നനാക്കി.
ഇപ്പോൾ ഞാനും അവരെ പോലെ തൂവൽ ഇല്ലാത്തവനാണ്
ഞാൻ ചുറ്റിനും നോക്കി.

പ്രാപ്പിടിയന്മാരും, കഴുകനും, കാകനും
അവർക്ക് മാത്രമേ തൂവലുകൾ ഉള്ളു
ദാഹം എന്റെ തൊണ്ടയെ വലച്ചു,
ഞാൻ പറക്കാൻ നോക്കി.

പറക്കാനാവാതെ ഞാൻ, ഞങ്ങൾ തളർന്ന്
പാറമേൽ നിന്നു,
അവർ ഞങ്ങളുടെ എല്ലാം കവരുന്നത്
നിസ്സഹായനായി ഞാൻ, ഞങ്ങൾ നോക്കി നിന്നു

അവരാണ് എല്ലാം തീരുമാനിച്ചത്
തീരുമാനിക്കാൻ ഞാൻ പ്രാപ്തനാണെങ്കിലും
അവർ എന്റെ തീരുമാനത്തെ മാനിച്ചിരുന്നില്ല
ഇന്നുവരെ,
ചിറകിലെ വയലറ്റ് മഷിപുരണ്ട
അധികാരത്തിലേയ്ക്ക് ഞാൻ തുറിച്ചു നോക്കി..

കാലം എന്നെ നോക്കി
ചിരിച്ചു….. കൂടെ ഞാനും ചിരിച്ചു,
എന്റെ ചിരിക്ക് കണ്ണീരിന്റെ നനവ്-
ഉണ്ടായിരുന്നു ഒരു സാധാരണപൌരന്റെ .

February 21, 2010

ഒരുപകൽ

ഒരു പകലിൻ ചടുലഭാവങ്ങൾ സ്വരുക്കൂട്ടിയ
നിൻ വർത്തമാനത്തിൽ,
പിറക്കാൻ കഴിയാതെ,
മരിക്കാൻ കഴിയാതെ
ശ്വാസം മുട്ടി പിടയുന്ന ചിന്തകൾ.!

പറിച്ചെറിയുക,
നിന്നെ വരിഞ്ഞുമുറുക്കുന്ന
കഴുത്തിൽ നഖമിറക്കുന്ന
ചുവന്ന കണ്ണുകളുള്ള
ആരോ ഉപേക്ഷിച്ച അവളുടെ
ബീജത്തെ

കാലം കീറിമുറിച്ച്
അരുൾപാടുരുവിട്ട മഹാമനീഷികളുടെ
കാല്പാദങ്ങൾ മുറിച്ച് മാറ്റി,
അവിടെ
നിന്റെ ആദർശ തത്വശാസ്ത്രത്തിൻ
കഴുകൻ കാലുകൾ
നട്ടുവളർത്തിയ മനുഷ്യരെ,
പറയു എന്റെ
ശവദാഹത്തിനിടമെവിടെ ?