January 10, 2010

പച്ചപ്പ് അഥവ നഷ്ടപ്പെട്ടത്

പണ്ട് അവിടെ പച്ചപ്പ് ഉണ്ടായിരുന്നു.!
നാല് മരങ്ങൾ ആയിരുന്നു അതിന്റെ തലപ്പത്ത്
ചന്ദനം, മുരിക്ക്, മരുത്, കാഞ്ഞിരം.
ഞാനിതിൽ ഏതെന്ന് എന്നോട് തന്നെ ചോദിക്കുന്നു

എന്നെ തമ്പുരട്ടി വാരിപ്പുണർന്നപ്പോൾ
എനിക്ക് വയസ്സ് തികഞ്ഞിരുന്നില്ല,
എന്റെ പൂമേനി അമ്മത്തമ്പുരാട്ടി
കൊഞ്ചിച്ചപ്പോൾ എനിക്ക്
പാൽപ്പല്ല് മുളച്ചിരുന്നില്ല….
ഒരു ചന്ദനമരമായിരുന്നു ഞാൻ!

അപ്പുറത്തെ ചേച്ചിയുടെ പാൽക്കുടം
എറിഞ്ഞുടയ്ക്കുമ്പോൾ പ്രായം പന്ത്രണ്ട്,
ചേച്ചിയുടെ പരിഭവം എന്റെ തളിർമേനിയിൽ
ചൂരല്പാടുകൾ തീർത്തു,
പിന്നെ കാട്ടലും കാഴ്ച്ചയുമായി വളർന്നു.

ഒരു കുതിരയെപോലെ ആണ് നീ
എന്ന് അവൾ പറഞ്ഞപ്പോൾ അഭിമാനിച്ചു.
ഷണ്ഡത്തം ബാധിക്കാത്ത ചിന്ത
ശീല കീറുന്ന നിലയ്ക്കെത്തി,
അമ്പലക്കാളയാണ് നീ എന്ന് തമ്പുരാട്ടി പറഞ്ഞപ്പോൾ
നാണിച്ച് തലതാഴ്ത്തി,
പിന്നെ എല്ലാരും അങ്ങനെ പറഞ്ഞു

വിരിഞ്ഞമാറും, ഇടുങ്ങിയ അരക്കെട്ടുമുള്ള
എന്നെ തമ്പുരാൻ തല്ലി,
എനിക്ക് സദാചാരമില്ലെന്ന്
ഒന്ന് നീട്ടിത്തുപ്പി കട്ടിലിൽ നിന്നും എണീക്കുമ്പോൾ
കൺപീലിയും നരച്ചിരുന്നു
എനിക്ക് കയ്‌ച്ചുതുടങ്ങി
കാഞ്ഞിരം പോലെ